ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന് ബിജെപി നേതാക്കൾ പാർലമെന്റിൽ നൽകിയ സ്വീകരണത്തെ പരിഹസിച്ച് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്. പാക്കിസ്ഥാനുമായുള്ള യുദ്ധം ജയിച്ച് തിരിച്ചെത്തിയ വീരനായകനെ വരവേറ്റതുപോലെയാണ് ബിജെപി നേതാക്കൾ ധർമ്മേന്ദ്ര പ്രധാനെ സ്വീകരിച്ചതെന്ന് ഗൊഗോയ് വിമർശിച്ചു.
പരീക്ഷാ പേപ്പർ ചോർച്ച തടയുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും ഗൗരവ് ഗൊഗോയ് ആരോപിച്ചു. 2024 ൽ സർക്കാർ കൊണ്ടുവന്ന നിയമം ശക്തമാണെന്ന് അവകാശപ്പെടുമ്പോൾ 2026ൽ ഇത്ര വലിയ രീതിയിൽ ചോദ്യപേപ്പർ ചോർച്ച എങ്ങനെ ഉണ്ടായെന്നും അദ്ദേഹം ചോദിച്ചു.
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട 45 പേരിൽ 44 പേരും നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ ഗൊഗോയ് അന്വേഷണത്തിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്തു. 21 വിദ്യാർഥികളുടെ മരണം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും അന്നത്തെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടക്കത്തിൽ ക്രമക്കേടുകൾ നിഷേധിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിലെ ഭേദഗതികളെക്കുറിച്ചുള്ള ലോക്സഭാ ചർച്ചകൾക്കിടെയാണ് പ്രതിപക്ഷത്തിന്റെ വിമർശനം ശക്തമായത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ കൂടുതൽ കർശന നടപടികൾ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.